Tuesday, June 30, 2009

നിരത്ത്

നിരത്തിന്‍റെ
വിജനതയിലേക്ക് നോക്കിയപ്പോ
കത്തിയാളുന്ന വെയിലില്‍
തടാകം
തെരുവില്‍ രൂപപ്പെടുന്നതയെനിക്ക് തോന്നി
ജീവിതം തന്നെ
ഒരു നിരത്തായിരുന്നു അപ്പോള്‍
ഓരോരോ
ചെറിയ മടങ്ങുകളിലായിട്ടാണ്
സന്തോഷം
ഒളിഞ്ഞു കിടപ്പുള്ളതെന്നു
നീ പറഞ്ഞതായോര്‍ക്കുന്നു.
അതിന്‍റെ അത്ര തന്നെ ചുളിവുകളില്‍
സങ്കടങ്ങളും
കാണുമപ്പോള്‍ .
അവയ്ക്ക് മീതെ കുളിര്‍ക്കാറ്റു വരണമെങ്കില്‍
ഈ നിരത്തൊന്നു
വെയിലൊഴിഞ്ഞിട്ടു വേണ്ടേ
തടാകമെന്നു നിനച്ചിരുന്നത്‌
അരികിലെത്തും തോറും
വിദൂരമായി തോന്നുന്നതും
പിന്നെ
ഒരു വളവില്‍
ഒടുങ്ങിപ്പോകുന്നതായുമനുഭവപ്പെടുന്നു.

1 comment:

Anonymous said...

അതെ,മരുഭൂമിയിലെ മരീചിക കണക്കെ ജീവിതം ...അതൊരു വളവില്‍ ഒടുങ്ങിപോകുമായിരിക്കും...എന്നാലും ആ വളവു എത്തും വരെ സന്തോഷത്തോടെ ജീവിക്കണ്ടേ ??...വേണം !!!